ചരിത്ര പശ്ചാത്തലം

കണ്ണൂർ ജില്ല കേന്ദ്രത്തിൽ നിന്ന് 29.കി.മി. വടക്ക് കിഴക്ക് ജില്ലയുടെ ഏകദേശം മദ്ധ്യഭാഗത്തായി പശ്ചിമഘട്ട മലനിരകളുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പഞ്ചായത്താണ് ഇരിക്കൂർ. തെക്കേ അതിർത്തിയിൽ ഇരിക്കൂർ പുഴയും വടക്ക് ശ്രീകണ്ഠപുരം ഗ്രാമപഞ്ചായത്തും, കിഴക്ക് പടിയൂർ ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് മലപ്പട്ടം പഞ്ചായത്തും അതിരിടുന്നു.
ഇരിക്കൂറിനു നൂറ്റാണ്ടുകളുടെ ചരിത്രകഥൾ പറയാനുണ്ടാകും. ഏകദേശം 1323 നു മുമ്പു തന്നെ ഇരിക്കൂർ ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് നിലാമുറ്റത്തിനടുത്തെ ശിലാലിഖിതങ്ങൾ. മലയോര മേഖലയിലെ അതിപുരാതനമായ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യവസായ കേന്ദ്രമായിരുന്നു ഇരിക്കൂർ. ജലഗതാഗതം വ്യാപാര അഭിവൃദ്ധിക്കും സമ്യദ്ധിക്കും കാരണമായി. വളപട്ടണം പുഴയുടെ പ്രധാന സ്രോതസ്സ് ഇതുവഴി ഒഴുകുന്നതിനാൽ വളപട്ടണത്തുള്ള വിശ്വോത്തരമായ തടിവ്യവസായത്തെ വളർത്തിയെടുക്കാൻ ഈ പ്രദേശത്തുള്ളവരുടെ കഠിനാധ്വാനവും കച്ചവടമനോഭാവവും സഹായിച്ചു എന്നുള്ളത് ഒരു ചരിത്ര സത്യമാണ്.
ഭാരതീയ സംസ്‌ക്‌കാരത്തിൻ്റെ ഉദാത്തമാതൃകയും ഹിന്ദു മുസ്ലീം മൈത്രിയുടെ അഭിമാന സ്തംഭങ്ങളാണ് ചിരപുരാതനമായ മാമാനിക്കുന്ന മഹാദേവി ക്ഷേത്രവും, നിലാമുറ്റം മഖാമും. ക്രിസ്തീയ മതവിഭാഗം കുടിയേറിയതോടെ പള്ളിമണികളുടെയും ബാങ്ക് വിളികളുടെയും പ്രണവാക്ഷരമന്ത്രങ്ങളുടെയും അലയൊലികൾ പ്രദേശമാകെ നിറയാൻ തുടങ്ങി. ഗ്രാമത്തിൻ്റെ ശാലീന സൗന്ദര്യം നിലനിർത്തിക്കൊണ്ടുതന്നെ നഗരത്തിന്റെ ഗാംഭീര്യം നേടിയെടുക്കാൻ കഴിയുക എന്നത് ഇരിക്കൂറിൻ്റെ ഒരു അത്ഭുതകരമായ നേട്ടമാണ്. പാരതന്ത്ര്യ്രത്തിൻ്റെ ഇരുണ്ട നാളുകളിൽ ബ്രിട്ടിഷുകാരുടെ ഒരു പ്രധാന സിരാകേന്ദ്രമായിരുന്നു ഇരിക്കൂറെന്നുവേണം കരുതാൻ. 1896 ബ്രിട്ടീഷുകാരാൽ സ്ഥാപിക്കപ്പെട്ടതാണ് ഇന്നത്തെ സബ്ബ് രജിസ്ട്രാർ ഓഫീസ്. ബ്രിട്ടീഷുകാർക്കെതിരെയുള്ള പഴശ്ശി വിപ്ലവത്തിൽ പങ്കെടുത്ത ധീരദേശാഭിമാനികൾക്ക് മുൻപന്തിയിലായിരുന്നു. ചോരയും നീരും നൽകാൻ ഇന്നാട്ടുകാർ എന്നും
1962 ൽ ഹൈസ്ക്കൂൾ സ്ഥാപിച്ചതോടെ വിദ്യാഭ്യാസരംഗത്തും നിലവാരം പുലർത്താൻ കഴിഞ്ഞിട്ടുണ്ട്. 1955 ൽ ആദ്യമായി വൈദ്യുതി സ്ഥാപിച്ചു. ഈ വർഷം തന്നെ മദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻ്റെ പരിധിയിൽ ഇരിക്കൂർ പഞ്ചായത്തും സ്ഥാപിതമായി.കേരള സംസ്ഥാനത്തിൻ്റെ ഭാഗമായി 1962 ൽ ഇരിക്കൂർ പഞ്ചായത്ത് രൂപീകരിക്കുകയും അതേ വർഷം തന്നെ ബ്ലോക്ക് ഓഫീസും നിലവിൽ വന്നു. തിരിഞ്ഞു നോക്കുമ്പോൾ അഭിമാനിക്കാൻ ഏറെയുണ്ടെങ്കിലും പൂർണ്ണത ഇനിയും അകലെയാണ്. നമുക്കെല്ലാവർക്കും ഒത്തൊരുമിച്ച് ആ യജ്ഞത്തിലേക്ക് തളരാതെ മുന്നേറാം...